railway

കൊച്ചി: ജനജീവിതം സാധാരണ നിലയിലായിട്ടും കൊവിഡ് ഹാങ്ങ്‌ഓവർ വിട്ടുമാറാതെ റെയിൽവേ. ജനറൽ കോച്ചുകളിൽ ഏർപ്പെടുത്തിയിരുന്ന റിസർവേഷൻ പിൻവലിക്കുമെന്ന റെയിൽവേയുടെ വാഗ്ദാനം പാഴായതോടെ ദൈനംദിന യാത്രക്കാർ ദുരിതത്തിലാണ്. നേത്രാവതി, നിസാമുദ്ദിൻ തുടങ്ങി കൊങ്കൺ വഴി സർവീസ് നടത്തുന്നതുൾപ്പെടെ നിരവധി ട്രെയിനുകളിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പല ട്രെയിനുകൾക്കും ജനറൽ കോച്ച് ഇപ്പോഴുമില്ല. അതിനാൽ സ്റ്റേഷനിൽ പോയി ടിക്കറ്റ് എടുത്തു യാത്ര സാധിക്കില്ല. പുന:സ്ഥാപിച്ചവയിലാകട്ടെ നേരത്തേയുണ്ടായിരുന്നതിന്റെ പകുതി ജനറൽകോച്ചുകൾ മാത്രമാണുള്ളത്.

 പാസഞ്ചറിന്

എക്സ്‌പ്രസ് നിരക്ക്

പാസഞ്ചർ, മെമു ട്രെയിനുകളിൽ എക്സ്‌പ്രസ് നിരക്ക് ഇപ്പോഴും തുടരുകയാണ്. കൊവിഡ് സമയത്ത് സ്പെഷ്യൽ ട്രെയിനുകളായി ഓടിച്ചപ്പോഴാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഈ കൊള്ള തുടരുന്നു. 15 രൂപയായിരുന്ന കോട്ടയം–എറണാകുളം പാസഞ്ചർ ട്രെയിൻ യാത്രയ്ക്ക് കൊവിഡിന് ശേഷം നിരക്ക് 40 രൂപയായി.

എക്‌സ്‌പ്രസുകളിൽ തിരക്ക്

ജനറൽകോച്ചുകൾ പുന:സ്ഥാപിച്ച ഡേ എക്‌സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുണ്ടായിരുന്നതിന്റെ പകുതി മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇത് തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു. വേണാട് എക്‌സ്‌പ്രസിൽ നേരത്തേ 18 കോച്ചുകൾ ജനറലായിരുന്നു. ഇപ്പോൾ അത് ആറായി കുറഞ്ഞു.

 യാത്രക്കാരുടെ ആവശ്യങ്ങൾ

കൊവിഡിന് മുമ്പ് ഓടിയിരുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും പുന:സ്ഥാപിക്കുക.
പാസഞ്ചർ ട്രെയിനുകളിലെ വർദ്ധിപ്പിച്ച നിരക്ക് പിൻവലിക്കുക.
ഹാൾട്ട് സ്റ്റേഷനുകൾ അടക്കം എല്ലാ സ്റ്റോപ്പുകളും പുന:സ്ഥാപിക്കുക.
എക്സ്‌പ്രസ് ട്രെയിനുകളിൽ ജനറൽകോച്ചുകൾ പുന:സ്ഥാപിക്കുക.

 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

പല ട്രെയിനുകളിലും ജൂൺ അവസാനം വരെ ജനറൽ കമ്പാർട്ടുമെന്റിൽ റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. അതിനാലാണ് ഈ ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് സ്റ്റേഷനിൽ നിന്നു നൽകാത്തത്. ജൂലായ് ആദ്യ ആഴ്ച മുതൽ എല്ലാ ട്രെയിനുകളിലും ജനറൽ കമ്പാർട്ടുമെന്റുകൾ തിരിച്ചെത്തുമെന്ന് റെയിൽവേ അധികൃതർ പറയുന്നു.

അതേസമയം ജനറൽ സീറ്റുകളിലെ റിസർവേഷനിൽ വളരെ കുറച്ചു സീറ്റു മാത്രമാണ് ബുക്കിംഗുള്ളതെന്നും തൊണ്ണൂറു ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തി. റെയിൽവേയുടെ കെടുകാര്യസ്ഥത മൂലം കടുത്ത സാമ്പത്തികനഷ്ടമാണ് യാത്രക്കാർക്കുണ്ടാകുന്നത്.

ഉടൻ പുന:സ്ഥാപിക്കുമെന്ന്

റെയിൽവേ

ആലപ്പുഴ-ചെന്നൈ, ബെംഗളുരു ഐലന്റ് എക്സ്‌പ്രസുകളിൽ സീസൺ ടിക്കറ്റുകാർക്ക് നേരത്തെ ഉണ്ടായിരുന്നതുപോലെ സ്ളീപ്പർ ക്ളാസ് കോച്ചുകളിൽ കയറുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാമെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഉറപ്പു നൽകിയിട്ടുണ്ട്.

പി.കൃഷ്ണകുമാർ

ജനറൽ സെക്രട്ടറി,

തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ