p

കൊച്ചി: ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെയും സംസ്ഥാന സർക്കാരിന്റെയും കർശന നിർദ്ദേശമുണ്ടായിട്ടും സ്വാശ്രയ ഡെന്റൽ കോളേജുകൾ യു.ജി, പി.ജി വദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സ്റ്റൈപ്പന്റായി നൽകുന്നത് തുച്ഛമായ തുക. വിശ്രമമില്ലാതെ ജോലിയും നോക്കണം.

യു.ജിക്കാർക്ക് സർക്കാർ കോളേജുകളിൽ 25,000 രൂപ സ്റ്റൈപ്പന്റ് നൽകുമ്പോൾ സ്വാശ്രയത്തിൽ കൊടുക്കുന്നത് 1000-4500 രൂപ മാത്രം. പി.ജിക്കാർക്ക് സർക്കാർ കോളേജുകളിൽ 55,000 രൂപയാണ് സ്റ്റൈപ്പന്റ്. സ്വാശ്രയ കോളേജുകളിലാകട്ടെ 5000 രൂപയും.

ഇന്റേൺഷിപ്പുകാരെ വച്ചാണ് മിക്കവാറും സ്വകാര്യ ഡെന്റൽ ആശുപത്രികളുടെ പ്രവർത്തനം തന്നെ. അഞ്ചര വ‌ർഷമാണ് ഡെന്റൽ കോഴ്സിന്റെ കാലാവധി. ഇതിൽ നാലരവ‌ർഷം ക്ലാസും ഒരുവർഷം ഇന്റേൺഷിപ്പുമാണ്. അനീതിക്കെതിരെ ഡെന്റൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപി​ച്ചി​ട്ടുണ്ട്.

വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന്, സർക്കാർ ഡെന്റൽ കോളേജുകളിലേതിന് തുല്യതുക നൽകണമെന്ന് ആരോഗ്യ സർവകലാശാല എല്ലാ സ്വകാര്യ കോളേജ് പ്രിൻസിപ്പൽമാർക്കും രണ്ടു വർഷം മുമ്പ് നിർദ്ദേശം നൽകിയിരുന്നു. ഇത് നടപ്പാക്കാത്ത കോളേജുകൾക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോ‌ർജ് നി​യമസഭയി​ൽ മാത്യു കുഴൽനാടന്റെ ചോദ്യത്തി​ന് 2021 ഒക്ടോബർ നാലി​ന് മറുപടി​യും നൽകി. പക്ഷേ ഒരു ഫലവുമുണ്ടായില്ല.

സംസ്ഥാനത്തെ ഡെന്റൽ കോളേജുകൾ

ആകെ- 25

സർക്കാർ- 6

സ്വാശ്രയം- 19

ആകെ വിദ്യാർത്ഥികൾ- 7,000

ഇന്റേൺസ്- 1400

പല കോളേജുകളും ഇതിന്റെ പേരിൽ വിദ്യാ‌ർത്ഥികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്റ്രൈപ്പന്റ് പണമായി​ കൊടുക്കുന്നതി​നാൽ മറ്റ് തെളിവുകളും ഹാജരാക്കാൻ പറ്റുന്നി​ല്ല.

എലിസബത്ത് മരിയ ജേക്കബ്

വൈസ് പ്രസിഡന്റ്

ഡെന്റൽ സ്റ്റുഡന്റ്സ് അസോ.