കൊച്ചി:വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ ഫർസീൻ മജീദ് (27), ആർ.കെ. നവീൻ (37) എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ച് ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
ജൂൺ 13ന് ഇവർ വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കാത്തുനിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നു ഹർജിക്കാർ പറയുന്നു.
മൂന്നാംപ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി
ഒളിവിൽ കഴിയുന്ന മൂന്നാംപ്രതി സുനിത് നാരായണൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് അറസ്റ്റ് തടയണമെന്ന ഹർജിയിലെ ഇടക്കാല ആവശ്യം അനുവദിച്ചില്ല. സർക്കാരിന്റെ വിശദീകരണംതേടി ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.