കൊച്ചി: കൊച്ചി മെട്രോയുടെ അഞ്ചാം പിറന്നാൾ ആഘോഷം അവിസ്മരണീയമായി. ജൂൺ 17 ഇനി മുതൽ എല്ലാ വർഷവും മെട്രോദിനമായി ആചരിക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഹൈക്കോടതി, മറൈൻ ഡ്രൈവ്, കാക്കനാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള കൊച്ചി മെട്രോയുടെ വിവിധ വികസന പ്രവർത്തനങ്ങൾ 2027നകം പൂർത്തിയാകുമെന്ന് കെ.എം.ആർ.എൽ എം.ഡി. ലോക്‌നാഥ് ബെഹ്റ ഐ.എം.എ ഹാളിൽ ചേർന്ന ആഘോഷ ചടങ്ങിൽ പറഞ്ഞു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് എന്ന പേരിൽ 17 ദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളുടെ സമാപനവും ഇന്നലെ നടന്നു.
യാത്രക്കാർ
ലക്ഷം കടന്നു
കേരള മെട്രോ ദിനമായ ഇന്നലെ എട്ടു മണി കഴിഞ്ഞപ്പോൾ തന്നെ ഒരു ലക്ഷം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. ഇതിന് മുമ്പ് രണ്ട് ദിവസം യാത്രക്കാർ ലക്ഷം പിന്നിട്ടിട്ടുണ്ട്.