കോലഞ്ചേരി: പ്രസിഡന്റ് ട്വന്റി20, വൈസ് പ്രസിഡന്റ് യു.ഡി.എഫ്, സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽ.ഡി.എഫ് വടവുകോട് ബ്ളോക്ക്, ഭരണ പ്രതിസന്ധിയിലേക്ക്. 13 അംഗങ്ങളുള്ള ഇവിടെ അശോകന്റെ നിര്യാണത്തോടെ ട്വന്റി20 5, യു.ഡി.എഫ് 4, എൽ.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇടത് വലത് മുന്നണികൾ സമവായത്തിലെത്താതെ വന്നതോടെ ട്വന്റി20 ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ഇതോടെയാണ് ഇവിടെ ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം വൈസ് പ്രസിഡന്റിനായിരിക്കെ ബഡ്ജറ്റടക്കം വികസന കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പ്രസിഡന്റിന് റോളുമില്ലാതെയാകും. സ്റ്റാൻഡിംഗ് കമ്മിറ്റികൾ കൂടി ചർച്ച ചെയ്ത് പാസാക്കുന്ന വികസനങ്ങൾ പ്രസിഡന്റിന്റെ ഒപ്പോടു കൂടിയാണ് പാസായതായി കണക്കാക്കുന്നത്. എന്നാൽ ഇവിടെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് ഭൂരിപക്ഷം അവരോടൊപ്പമായതിനാൽ തീരുമാനങ്ങൾ പാസാക്കിയെടുക്കാം. പ്രസിഡന്റ് ഒപ്പിടാൻ മടിക്കുന്നതോടെ കാര്യങ്ങൾ പ്രതിസന്ധിയിലേക്ക് തന്നെ നീങ്ങും. ഇനി വൈസ് പ്രസിഡന്റിനും മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്കുമെതിരെ അവിശ്വാസം കൊണ്ടു വരാമെന്ന് ട്വന്റി20തീരുമാനിച്ചാൽ പോലും നടക്കില്ല. 4 പേർ ഒപ്പിട്ടാൽ അവിശ്വാസം അവതരിപ്പിക്കാം പാസാകണമെങ്കിൽ 7 പേർ പിന്തുണക്കണം. ഇനി തിരിച്ച് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസമാണെങ്കിൽ ഇടതും വലതും പിന്തുണക്കും. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ പരസ്പരം പിന്തുണയ്ക്കാതെ പോരടിക്കുകയും ചെയ്യും. വി.ആർ. അശോകന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ഡിവിഷനിലെ തിരഞ്ഞെടുപ്പ് നടക്കാൻ ആറു മാസത്തെ സാവകാശമാണുള്ളത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്. സീറ്റ് നിലനിർത്താനായാൽ ട്വന്റി20 ക്കും യു.ഡി.എഫിനും 5 വീതം തുല്ല്യം സീറ്റാകും. ഈ ഘട്ടത്തിൽ നിലവിലുള്ള പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനായാൽ അടുത്ത പ്രസിഡന്റിനെ ടോസിലൂടെ ആകും തിരഞ്ഞെടുക്കേണ്ടിവരിക.