കൊച്ചി: മറൈൻ ഡ്രൈവ് സൗന്ദര്യവത്കരിച്ച് അടിപൊളിയാക്കിയപ്പോൾ റോഡരികിലെ വിശാലമായ സ്ഥലം കടയുടമകൾ വള്ളികെട്ടിയും സെക്യൂരിറ്റിക്കാരെ നിറുത്തിയും സ്വന്തമാക്കി. ഇവിടേക്ക് ഇരുചക്രവാഹനങ്ങൾ പോലും കയറ്റാൻ ഇവർ സമ്മതിക്കില്ല. കടകളിലേക്ക് വരുന്നവർക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ. ശ്രീധർ തിയറ്ററിന് സമീപത്തെ കുറേ സ്ഥലം ഓട്ടോ റിക്ഷക്കാരും കൈയടക്കി.
ഇക്കാരണത്താൽ പലരും റോഡിനോട് ചേർന്ന് വണ്ടിയൊതുക്കി പോവുകയാണിപ്പോൾ. ഇവിടേക്ക് സ്വകാര്യ ബസുകൾ കൂടി വന്നുനിൽക്കുമ്പോൾ ആകെ ബഹളമാകും. സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിൽ അധുനിക രീതിയിൽ നവീകരിച്ച പാർക്കിംഗ് ഏരിയ ആണിത്. ഫുട്പാത്തിനും റോഡിനും ഇടയിലാണ് പാർക്കിംഗ് സ്ഥലം. ഇവിടം സ്വന്തം സ്ഥലം പോലോയാണ് ഓരോ കച്ചവടക്കാരും ഉപയോഗിക്കുന്നത്. ദൂരെ മാറി വണ്ടി പാർക്ക് ചെയ്ത് നടന്നാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.
മറൈൻ ഡ്രൈവിലെ പാലത്തിന് വടക്ക് മൈതാനത്തിന് എതിർവശത്തുള്ള
പൊലീസ് ക്യാമ്പിന് മുന്നിലെ അവസ്ഥയും വിഭിന്നമല്ല. ഇവിടെ ഏതാണ്ട് മുഴുവനായും പൊലീസ് കൈയടക്കിയ സ്ഥിതിയാണ്. ഒട്ടേറെ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇവിടെയും റിബണുകൾ കെട്ടി തടഞ്ഞിരിക്കുകയാണ്.
പൊലീസ് വാഹനങ്ങൾക്കും അവരുടെ സ്വകാര്യ വാഹനങ്ങൾക്കും മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാകൂ. മറ്റുള്ളവരെ പൊലീസുകാർ ഓടിക്കുകയാണ്.
പൊതുജനങ്ങൾക്കായി നിർമ്മിച്ച പാർക്കിംഗ് ഏരിയ അവർക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. നിർമ്മാണം കഴിഞ്ഞതിനാൽ അതിന്മേലുള്ള കടന്നുകയറ്റമടക്കം നിയന്ത്രിക്കേണ്ടത് കൊച്ചിൻ കോർപറേഷനാണെന്നും സി.എസ്.എം.എൽ അധികൃതർ പറഞ്ഞു.
കടകളുടെ മുമ്പിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്താൽ കച്ചവടത്തെ ബാധിക്കുമെന്നാണ് വാദം. തീരുമാനം എടുക്കുന്നതിനായി കച്ചവടക്കാരുടെ സംഘടനകൾ, കളക്ടർ, പൊലീസ് എന്നിവരുമായി ചർച്ച നടത്തും.
അഡ്വ. എം. അനിൽകുമാർ
മേയർ