പറവൂർ: ആനച്ചാൽ - വഴിക്കുളങ്ങര ബൈപ്പാസ് റോഡിനോട് ചേർന്നുള്ള ഭാഗത്ത് പതിനാറ് ഏക്കറിലധികം ഭൂമി മണ്ണിട്ട് നികത്താൻ ശ്രമം റവന്യൂ അധികൃതർ തടഞ്ഞു. ഇന്നലെ റവന്യൂ ഉദ്യോഗസ്ഥർ നോട്ടീസ് നൽകാൻ സ്ഥലത്തെത്തിയെങ്കിലും ആരും കൈപ്പറ്റാൻ തയാറായില്ല. തുടർന്ന് ഗെയ്റ്റിൽ സ്റ്റോപ്പ് മെമ്മോ പതിച്ചു. പതിനാറിലധികം ഏക്കർ ഭൂമിയിൽ കൂടുതൽ നിലവും തണ്ണീർതടവുമാണ്. ഇതിൽ ആറ് ഏക്കറോളം വരുന്ന നിലം കൃഷി ഓഫീസറുടെ അനുമതിയോടെ പുരയിടമാക്കിയിട്ടുണ്ട്. പുരയിടമാക്കിയതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതേരീതിയിൽ ഇവിടെ മണ്ണിട്ട് നികത്താനുള്ള ശ്രമമുണ്ടായി. അന്നും റവന്യൂ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് വീണ്ടും മണ്ണിടിച്ചിട്ടുള്ളത്.

തണ്ണീർ‌ത്തടം നികത്തി ഗോഡൗൺ പണിയാനുള്ള നിക്കത്തിനെതിരെ കോട്ടുവള്ളി പഞ്ചായത്ത് അധികൃതരും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കൂടാതെ ഏഴ് ദിവസത്തിനകം പദ്ധതിയുടെ പെർമിറ്റ് റദ്ദാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിൽ പറയുന്നു. തണ്ണീർതടത്തിൽ മണ്ണിടിച്ചത് സംബന്ധിച്ച് ആർ.ഡി.ഒയ്ക്കു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉത്തരവ് ലംഘിച്ചു അനധികൃതമായി മണ്ണടിക്കാൻ ശ്രമിച്ചാൽ കർശന നടപടി എടുക്കുമെന്നും പറവൂർ തഹസിൽദാർ അറിയിച്ചു.ഏകദേശം അമ്പതിലധികം ലോഡ് മണ്ണാണ് പുഴയോട് ചേർന്നുള്ള തണ്ണീർത്തടത്തിലും കണ്ടൽകാടിലും അടിച്ചിരിക്കുന്നത്. ഇവിടെ അടിച്ച മണ്ണ് എത്രയും വേഗം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.