ചോറ്റാനിക്കര: സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവരുടെ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. തൊഴിലവകാശവും പണിമുടക്കവകാശവും സംരക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തുക, കേരളത്തിന്റെ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, ജനകീയ സിവിൽ സർവീസ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സദസ്. മുളന്തുരുത്തിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി. ബ്രഹ്മ ഗോപാലൻ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ യൂണിറ്റ് ജോയിന്റ് കൺവീനർ എലിസബത്ത് ജോസഫ് അദ്ധ്യക്ഷയായി. കേരള എൻ.ജി.ഒ യൂണിയൻ യൂണിറ്റ് കൺവീനർ കെ.എം. സുനിൽ സ്വാഗതവും തൃപ്പൂണിത്തുറ ഏരിയാ ജോയിന്റ് സെക്രട്ടറി ആർ. രാകേഷ് നന്ദിയും പറഞ്ഞു.