അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ കൊമര ബ്രാഞ്ച് കനാലിന്റെ വാതക്കാട് ഭാഗത്ത് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റൂറൽ എസ്.പിക്കും സി.പി.എം വാതക്കാട് ബ്രാഞ്ച് കമ്മിറ്റി
പരാതി നൽകി. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള വാതക്കാട് ഭാഗത്തുനിന്ന് തേക്കുമരം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിൽ ഇറിഗേഷൻ അധികൃതർ സ്ഥലത്ത് എത്തി മരം കൊണ്ടുപോകാൻ പാടില്ലെന്ന് പറഞ്ഞു. എന്നാൽ അത് വകവയ്ക്കാതെ ബലമായി തേക്കുമരങ്ങൾ ലോറിയിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെതിരെ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ അങ്കമാലി പൊലീസിൽ പരാതി നൽകിയെങ്കിലും മരം തിരികെ എത്തിക്കുന്നതിന് വേണ്ട നടപടി പൊലീസ് കൈക്കൊണ്ടിട്ടില്ല. പ്രതികളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും തൊണ്ടിമുതൽ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടില്ല.