മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യംചെയ്ത വിദ്യാർത്ഥിനിയെ ആക്രമിച്ച മണ്ണ് മാഫിയ സംഘത്തെ രണ്ടു ദിവസം പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്. വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിക്കുകയും മൊബൈൽഫോൺ എറിഞ്ഞു തകർക്കുകയും ചെയ്ത പ്രതികൾ സംഭവത്തിനു ശേഷം ഒളിവിലാണന്നും പ്രതികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.
മാറാടി പഞ്ചായത്ത് എട്ടാംവാർഡ് കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റ മകൾ അക്ഷയ(20യ്ക്കാണ് കഴിഞ്ഞ ബുധനാഴ്ച മണ്ണ് മാഫിയ സംഘത്തിന്റ മർദ്ദനമേറ്റത്. ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷയയുടെ വീടടക്കം അനധികൃത മണ്ണെടുപ്പുമൂലം അപകടാവസ്ഥയിലാണ്. നേരത്തെ ഇവിടെ സമീപവാസികളുടെ പരാതിയിൽ പൊലീസ് ഇടപെട്ട് മണ്ണെടുപ്പ് നിറുത്തിവയ്പ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ച സമീപവാസികൾ ഇല്ലാത്ത സമയം നോക്കിയെത്തിയ സംഘം മണ്ണെടുക്കുന്നതു അക്ഷയ മൊബൈലിൽ പകർത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ പട്ടികജാതി വിദ്യാർത്ഥിനിക്കെതിരെ ഉണ്ടായ അക്രമത്തിൽ നടപടിയുണ്ടാകാത്തിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിലെക്ക് മാർച്ച് നടത്തി. ജിജി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. അരുൺ.പി.മോഹൻ, രഞ്ജിത് രഘുനാഥ് , കെ.കെ.അനീഷ് കുമാർ , ടി.ചന്ദ്രൻ, എ.എസ്.വിജുമോൻ , ഷൈൻ കൃഷ്ണൻ വിദ്യ വേണു തുടങ്ങിയവർ സംസാരിച്ചു.