കൊച്ചി : കൊച്ചി കോർപ്പറേഷൻ ടാക്‌സ് അപ്പീൽ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തോറ്റെങ്കിലും ചെയർപേഴ്‌സൺ സ്ഥാനത്ത് തുടരും. ബി.ജെ.പി.യെ തോൽപ്പിച്ച് കോൺഗ്രസ് അംഗം ടാക്‌സ് അപ്പീൽ കമ്മിറ്റിയിലേക്ക് ജയിച്ചു. എന്നാൽ കേവല ഭൂരിപക്ഷമില്ലാത്തതിനാൽ അവർക്ക് ചെയർപേഴ്‌സൺ സ്ഥാനം കിട്ടില്ല.
കമ്മിറ്റിയിൽ നാല് കോൺഗ്രസ് അംഗങ്ങളും മൂന്ന് ബി.ജെ.പി.അംഗങ്ങളും രണ്ട് സി.പി.എം.അംഗങ്ങളുമാണ് ഉള്ളത്. സി.പി.എമ്മിന് കമ്മിറ്റിയിലേക്ക് ആളെ ജയിപ്പിക്കാനുള്ള അംഗസംഖ്യയില്ലാത്തതിനാൽ അവർ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. കോൺഗ്രസിലെ മാലിനിക്കുറുപ്പിന് ഇരുപത്താറ് വോട്ടും ബി.ജെ.പി.യുടെ പത്മജ എസ്.മേനോന് അഞ്ച് വോട്ടുംകിട്ടി. 31 അംഗങ്ങൾ ഉള്ള യു.ഡി.എഫിലെ അഞ്ച് അംഗങ്ങൾ ഹാജരാകാഞ്ഞത് മുന്നണിയിലെ അനൈക്യമാണ് കാണിക്കുന്നതെന്ന് ഇടതുമുന്നണി കുറ്റപ്പെടുത്തി.എന്നാൽ എന്തായാലും ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അംഗങ്ങളെ വോട്ടിംഗിനെത്താൻ നിർബന്ധിക്കാതിരുന്നതെന്ന് യു.ഡി.എഫ് പറയുന്നു .
ബി.ജെ.പി. ചെയർപേഴ്‌സണെ മാറ്റാൻ യു.ഡി. എഫ് അവിശ്വാസം കൊണ്ടുവന്നാൽ സി.പി.എം എന്തു നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാവും. അവിശ്വാസത്തിൽനിന്ന് വിട്ടുനിന്നാൽ അത് ബി.ജെ.പി.യെ സഹായിക്കലാവുമെന്ന് വ്യാഖ്യാനിക്കപ്പെടും. ഇത് സി.പി.എമ്മിന് പ്രതിസന്ധിയാവും.
ക്ഷേമകാര്യ സമിതിയിൽ മാലിനി കുറുപ്പ് രാജിവച്ച ഒഴിവിലേക്ക് വിദ്യാഭ്യാസ സമിതിയിൽ നിന്ന് രാജിവച്ചു മത്സരിച്ച ബി.ജെ.പി.അംഗം സുധാ ദിലീപ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ സമിതിയിൽ വരുന്ന ഒഴിവിലേക്ക് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പത്മജ എസ്.മേനോനെ ഉൾപ്പെടുത്തും.