പറവൂർ: വേതനവർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസ് തൊഴിലാളി പറവൂർ - വൈപ്പിൻ മേഖലാ കോ-ഓർഡിനേഷൻ കമ്മിറ്റി 20ന് നടത്താനിരുന്ന സൂചനാപണിമുടക്ക് പിൻവലിച്ചു. ജില്ലാ ലേബർ ഓഫീസർ ഷാനവാസ്, ഡെപ്യൂട്ടി ലേബർ ഓഫിസർ വിനോദ്കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ വേതനവർദ്ധനവിന് തീരുമാനമായതോടെയാണ് പണിമുടക്ക് വേണ്ടെന്നുവച്ചത്. ഡ്രൈവർക്ക് 1200, കണ്ടക്ടർക്ക് 1000, ഡോർ ചെക്കർക്ക് 850 രൂപയുമാണ് പുതുക്കിയ വേതനം.

ആറ് വർഷത്തിന് ശേഷമാണ് മേഖലയിൽ വേതനവർദ്ധനവ് വരുന്നത്. ബസ് ചാർജ് വർദ്ധിപ്പിച്ചതോടെ ബസുടമകൾക്ക് ന്യായമായ വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ട്. കോ ഓർഡിനേഷൻ ചെയർമാൻ എം.ജെ. രാജു, കൺവീനർ കെ.എ. അജയകുമാർ, ട്രഷറർ കെ.ഡി. സിനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.