കൊച്ചി: മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി മൂന്നാം സ്ഥാനം നേടി മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ. ക്രമസമാധാന പാലനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ, വെഹിക്കിൾ മാനേജ്‌മെന്റ്, ഓഫീസ് മാനേജ്‌മെന്റ് തുടങ്ങി 27 മേഖലകളിലെ മികവ് പരിഗണിച്ചാണു മൂന്നാം സ്ഥാനത്തെത്തിയത്.

2021-22 കാലയളവിൽ റിപ്പോർട്ട് ചെയ്ത 700 കേസുകളിൽ 670 കേസുകളിലും അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു സാധിച്ചു. പോക്‌സോ കേസുകൾ, കൊലപാതക കേസുകൾ ഉൾപ്പെടെ മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. എടക്കാട്ടുവയൽ, ആമ്പല്ലൂർ, മുളന്തുരുത്തി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന സ്റ്റേഷൻ പരിധിയിലെ മികച്ച ക്രമസമാധാന പാലനം, പൊതുജനസേവനം എന്നിവയും അവാർഡിന് പരിഗണിക്കപ്പെട്ടു. വൃത്തിയായി സൂക്ഷിച്ചിട്ടുള്ള സ്റ്റേഷൻ പരിസരം, സ്റ്റേഷൻ റെക്കാഡുകളുടെ പരിപാലനം, വാഹനത്തിന്റെ ഉപയോഗം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിലും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷനായ മുളന്തുരുത്തിയിൽ 9 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 42 പേർ ജോലി നോക്കുന്നുണ്ട്. ഇൻസ്‌പെക്ടർമാരായ കെ.എ. മുഹമ്മദ് നിസാർ, പി.എസ്. ഷിജു എന്നിവരാണ് 2021-22ൽ സ്റ്റേഷന്റെ ചുമതല വഹിച്ചവർ.