mvd
ആലുവ മാർക്കറ്റിന് സമീപം സമാന്തര റോഡിൽ നഗരസഭയുടെ നിരോധന ഉത്തരവ് ബോർഡിന് കീഴിൽ വഴിയോര കച്ചവടം നടത്തുന്നയാൾക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകുന്നു

ആലുവ: ആലുവ മാർക്കറ്റ് മേല്പാലത്തിന് താഴെ സമാന്തരറോഡിലെ അനധികൃത ലോറി പാർക്കിംഗിനും വഴിയോര കച്ചവടത്തിനുമെതിരെ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ നടപടികളാരംഭിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അനധികൃത പാർക്കിംഗ് നടത്തിയിരുന്ന ലോറികളെല്ലാം പിൻവാങ്ങി. അതേസമയം നഗരസഭയുടെ നിരോധന ഉത്തരവ് ബോർഡിന് കീഴിലും നിർബാധം വഴിയോരക്കച്ചവടം തുടരുകയാണ്.

ഇന്നലെ ആലുവ ജോയിന്റ് ആർ.ടി.ഒ സലീം വിജയകുമാറിന്റെ നേതൃത്വത്തിൽ മാർക്കറ്റ് ഭാഗത്ത് മിന്നൽ പരിശോധന നടത്തി. അഞ്ച് കച്ചവടക്കാർക്ക് നോട്ടീസ് നൽകി. മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ചില കച്ചവടക്കാർ വാഹനവുമായി സ്ഥലംവിട്ടു. എം.വി.ഐമാരായ കെ.എസ്. സമീഷ്, കെ.ജി. ബിജു, രാജേഷ്, ജസ്റ്റിൻ ഡേവിസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

മേല്പാലത്തിനടിയിലെ ലോറി പാർക്കിംഗ് നിരോധിച്ചത് കോൺഗ്രസ് നേതാവിനെ സഹായിക്കാനാണെന്ന ആക്ഷേപമുയർന്നു.