കൊച്ചി: സംസ്ഥാന വ്യവസായവാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദർശനമേളയായ വ്യാപാർ 2022 ഇന്ന് സമാപിക്കും. ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടായിരിക്കും. ഭക്ഷ്യസംസ്‌കരണം, റബർ അധിഷ്ഠിതം, കൈത്തറി വസ്ത്രം, കയർ, ആയുർവേദം, ഇലക്ട്രിക്കൽ, കരകൗശലം എന്നീ മേഖലകളിലായി 330 സ്റ്റാളുകളാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രദർശന മൈതാനിയിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ രണ്ട് ദിവസം ബയർസെല്ലർ കൂടിക്കാഴ്ചകളാണ് വ്യാപാറിൽ നടന്നത്. എം.എസ്.എം.ഇകൾക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുതലമുറ വിപണനതന്ത്രങ്ങൾ പരിചയിക്കാനും ദേശീയ വിപണി കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് മേളയിൽ നടന്നത്.
വലിയ സാദ്ധ്യതകളാണ് ഭക്ഷ്യസംസ്‌കരണ മേഖലയിൽ കേരളത്തിനുള്ളതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യം വയ്ക്കുന്ന വ്യവസായങ്ങൾ ഉള്ളതിനാൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ആഭ്യന്തരവിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് അഞ്ച് വർഷമായി ചക്ക വ്യവസായത്തിന് നല്ലകാലമാണെന്ന് ചക്കക്കൂട്ടം എന്ന കൂട്ടായ്മയിലെ അംഗവും സംരംഭകനുമായ അശോക് പറഞ്ഞു. നവംബർ ഡിസംബർ മാസങ്ങളിലൊഴികെ ചക്ക ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. സാധാരണ വറുവൽ പലഹാരമെന്ന നിലയിലും ഔഷധമൂല്യമുള്ള ഭക്ഷ്യോത്പന്നമെന്ന നിലയിലും ചക്കയുടെ ഡിമാന്റ് കൂടിവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.