കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ തെരുവിൽ തടയുമെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭീഷണി അപക്വവും അപലപനീയവുമാണെന്ന് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. യു.ഡി.എഫ് ചെയർമാൻ കൂടിയായ സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ട. പ്രതിപക്ഷ നേതാവിന്റെ സംരക്ഷണത്തിന് യു.ഡി.എഫും മുസ്ലീം ലീഗും ശക്തമായി ഒപ്പമുണ്ടാവും.
പ്രതിപക്ഷ നേതാവ് സ്വർണക്കള്ളക്കടത്ത് കേസിലോ, ഡോളർ കറൻസി ഹവാല ഇടപാടുകളിലോ പ്രതിയല്ല. ജനപക്ഷത്ത് നിന്ന് സർക്കാരിന്റെ പകൽകൊള്ളയേയും ജനവിരുദ്ധ, നിയമവിരുദ്ധ നടപടികളെയും തുറന്നു കാണിക്കുകയും ചോദ്യം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇതിൽ ഉത്തരം മുട്ടുമ്പോഴാണ് മുഖ്യമന്ത്രിമുതൽ പ്രാദേശിക നേതാക്കൾവരെ ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് എന്നിവർ പറഞ്ഞു.