മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം പതിനാലാം വർഷവും ആവർത്തിച്ച് ഈസ്റ്റ് മാറാടി സ്കൂൾ. മാറാടി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണ് ഈസ്റ്റ് മാറാടിയിലേത്.
ഹൈടെക് ക്ലാസ്റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, മികച്ച ലാബ്, വിശാലമായ കളിസ്ഥലം, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണയും കൗൺസിലിംഗും നൽകുന്നതിന് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറുടെ സേവനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള റിസോഴ്സ് റീച്ചറുടെ സേവനം, ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് എന്നിവയെല്ലാം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്തുകളുടെ സഹകരണം, മികച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നേത്യത്വത്തിലെ കൂട്ടായ പഠന പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വിജയത്തിന് കാരണമെന്ന് ഹെഡ്മാസ്റ്റർ അജയൻ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം, മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ്, മികച്ച കൃഷി വിദ്യാലയം, മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള എക്സൈസ് വകുപ്പിന്റെ ജില്ലാതല പുരസ്കാരം എന്നിവ സ്കൂളിന് ലഭിച്ചിരുന്നു. പേപ്പർ ക്യാരി ബാഗ് നിർമ്മാണം പരിശീലിപ്പിച്ച സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന പെരുമയും ഈസ്റ്റ് മാറാടി സ്കൂളിനുണ്ട്.