കൊച്ചി: അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം കണക്കിലെടുത്ത് കേരളം വഴി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. രണ്ട് ട്രെയിനുകളുടെ സർവീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ പാറ്റ്‌നയിൽ നിന്ന് യാത്ര തുടങ്ങേണ്ട പാറ്റ്‌ന ജംഗ്ഷൻ-എറണാകുളം ദ്വൈവാര സൂപ്പർഫാസ്റ്റ് (22644), സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് ജംഗ്ഷൻ-തിരുവനന്തപുരം ശബരി എക്സ്‌പ്രസ് (17230) ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്.
ഇന്നലെ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട എറണാകുളം-ബറൂണി ജംഗ്ഷൻ രപ്തിസാഗർ എക്സ്‌പ്രസ് (12522) ഈറോഡ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്‌പ്രസ് ഹൈദരാബാദിന് സമീപമുള്ള ചാർലപ്പള്ളി സ്റ്റേഷനിലും സർവീസ് അവസാനിപ്പിച്ചു. പ്രക്ഷോഭം ശക്തിയാർജിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കാനും വഴി തിരിച്ചുവിടാനും സാദ്ധ്യതയുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.