വൈപ്പിൻ: കൊവിഡ് കാലത്ത് കിറ്റ് വിതരണ ചെയ്തതിലെ കമ്മീഷൻ തുക ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയുമായി റേഷൻ വ്യാപാരികൾ. സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസിന്റെ ഗുണമുണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തി.
കോവിഡ് കാലത്ത് സർക്കാർ നിർദേശപ്രകാരം 14 മാസം റേഷൻ കടകൾ വഴി കിറ്റ് വിതരണം നടത്തിയിരുന്നു. അതിൽ മൂന്ന് മാസത്തെ തുക മാത്രമാണ് റേഷൻ വ്യാപാരികൾക്ക് നൽകിയത്. പതിനൊന്ന് മാസത്തെ വിതരണക്കൂലിയാണ് നൽകാനുള്ളത്. സംസ്ഥാനത്തെ 14000 റേഷൻകടകൾ വഴി 90.5 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് കിറ്റ് നൽകിയിരുന്നു. ഈ ഇനത്തിൽ ഓരോ റേഷൻകടയ്ക്കും 55000 രൂപ വീതം ലഭിക്കാനുണ്ട്.
റേഷൻകടയുടമകൾക്കും സെയിൽസ്മാൻമാർക്കും സർക്കാർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും കൊവിഡ് ബാധിച്ച് മരിച്ച ആർക്കും അതിന്റെ ഗുണം ലഭിച്ചില്ല. കമ്മീഷൻ തുകയ്ക്ക് വേണ്ടി റേഷൻവ്യാപാരികൾ കോടതിയെ സമീപിച്ചിരുന്നു. 24 മാസത്തിനുള്ളിൽ കമ്മീഷൻ തുക നൽകണമെന്ന നിർദേശമാണ് കോടതി സർക്കാരിന് നൽകിയത്. എന്നാൽ ഇതുവരെ കമ്മീഷൻ നൽകാൻ സർക്കാർ തയാറായിട്ടില്ല. കമ്മീഷൻ തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.ഇസഹാക്ക് ആവശ്യപ്പെട്ടു.