sethu-akhil
സേതുലക്ഷ്മിയും അഖിലും

ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ വീണ്ടും കല്യാണമേളം. ശ്രീനാരായണഗിരി ശാന്തിമന്ദിരത്തിലെ അന്തേവാസി സേതുലക്ഷ്മിയാണ് സുമംഗലിയാകുന്നത്. വയനാട് മാനന്തവാടി വിമലാനഗർ മുണ്ടൻപറമ്പിൽ ഗംഗാധരൻ - ഉഷ ദമ്പതികളുടെ മകൻ എം.ജി. അഖിലാണ് സേതുലക്ഷ്മിയെ ജീവിതസഖിയാക്കുന്നത്.

രാവിലെ 9.30നും 10.15നും മദ്ധ്യേ ശ്രീനാരായണഗിരിയിൽ ശ്രീനാരായണ ഗുരുദേവൻ തപസിരുന്ന ശിലയ്ക്ക് മുന്നിലാണ് താലികെട്ട്. ചെറായി സ്വദേശിനിയായ സേതുലക്ഷ്മി ചെറുപ്പത്തിലെ പറവൂർ പാല്യംതുരുത്ത് ശ്രീനാരായണ സേവികാശ്രാമത്തിൽ എത്തിയതാണ്. അവിടെനിന്ന് നാലാംക്ലാസുവരെ പഠിപ്പിച്ചു. സ്വാമിനി അമൃതമാത സമാധിയായതിനെ തുടർന്നാണ് സേതുലക്ഷ്മിയെ ശ്രീനാരായണ ഗിരിയിലെത്തിച്ചത്. ഇവിടെനിന്ന് പ്ലസ്ടു പഠനത്തിനുശേഷം പ്രിന്റിംഗ് ടെക്‌നോളജിയും ജയിച്ച് ഗിരിയുടെ പ്രസിൽത്തന്നെ ജോലിചെയ്യുകയാണ്.

വരൻ അഖിൽ വയനാട് മിൽമയിലെ ജീവനക്കാരനാണ്. ശ്രീനാരായണഗിരിയിൽ നടക്കുന്ന 70 -ാമത്തെ വിവാഹമാണിത്. ശ്രീനാരായണഗിരിയുടെ സംരക്ഷണയിൽ വളർന്ന് അദ്ധ്യാപികയായി വിരമിച്ച അന്ധയായ സുശീലയുടെ സഹോദരന്റെ മകനാണ് അഖിൽ. കഴിഞ്ഞ മാർച്ചിൽ കുട്ടമശേരി ഗവ. ഹൈസ്‌കൂളിൽനിന്ന് മലയാളം അദ്ധ്യാപികയായി വിരമിച്ച സുശീല മുൻകൈയെടുത്താണ് വിവാഹം നടത്തുന്നത്. വിവാഹശേഷം വധൂവരന്മാർക്കൊപ്പം സുശീലയും വയനാട്ടിൽ വാങ്ങിയ പുതിയ വീട്ടിലേക്ക് താമസംമാറും.

23- ാമത്തെ വയസിൽ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് സുശീല ശ്രീനാരായണ ഗിരിയിലെത്തിയത്. പിന്നീടാണ് സുശീല ജീവിതത്തിൽ ആദ്യമായി സ്‌കൂളിന്റെ പടിചവിട്ടിയത്. 18 വയസ് പൂർത്തിയായവർക്കുള്ള എസ്.എസ്.എൽ.സി പരീക്ഷ 276 മാർക്കോടെ വിജയിച്ചു. പിന്നീട് ഉയർന്ന മാർക്കോടെ എം.എ, ബി.എഡ് ബിരുദം നേടി. 2004ൽ ചെങ്ങമനാട് യു.പി സ്‌കൂളിൽ അദ്ധ്യാപികയായി.
സേതുലക്ഷ്മി വിവാഹിതയാകുന്നതിന്റെ സന്തോഷത്തിനിടയിലും അദ്ധ്യാപികയായ സുശീല താമസം മാറുന്നതിന്റെ സങ്കടവും അന്തേവാസികൾക്കുണ്ട്.