കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പശ്ചാത്തല സൗകര്യവികസനത്തിന് ഒരു കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. എൽ.കെ.ജി മുതൽ പ്സസ്ടു വരെ 505 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.

സ്കൂളിലെ കാലപ്പഴക്കം ചെന്ന എൽ.പി ക്ളാസ് റൂമുകളടക്കം പുനർനിർമ്മിക്കാനാണ് തുക വിനിയോഗിക്കുന്നത്. ഓടു മേഞ്ഞ പഴയ കെട്ടിടത്തിലാണ് എൽ.പി ക്ളാസുകൾ പ്രവർത്തിച്ചിരുന്നത്. ഓട് നിലംപൊത്തുന്ന സ്ഥിതി വന്നതോടെ മെറ്റൽ ഷീറ്റിട്ടിരുന്നു. കടുത്ത വേനൽ ചൂടിൽ കുട്ടികൾക്ക് ക്ളാസിലിരിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.