കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. സ്‌കൂളിന്റെ പാശ്ചത്തല സൗകര്യവികസനത്തിനാണ് തുക വിനിയോഗിക്കുക. എൽ.കെ.ജി മുതൽ പ്ലസ്ടു വരെ 505 കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. കാലപ്പഴക്കം ചെന്ന എൽ.പി ക്ലാസ് റൂമുകളടക്കം തുക ഉപയോഗിച്ച് പുനർനിർമ്മിക്കും. ഓടു മേഞ്ഞ പഴയ കെട്ടിടത്തിലാണ് എൽ.പി ക്ലാസുകൾ പ്രവർത്തിച്ചുവരുന്നത്. ഓട് നിലംപൊത്തുന്ന അവസ്ഥയായതോടെ മെ​റ്റൽ ഷീ​റ്റിട്ടിരുന്നു. കടുത്ത വേനൽച്ചൂടിൽ കുട്ടികൾക്ക് ക്ലാസിലിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്‌കൂളിന്റെ ചരിത്രത്തിലെ ഏ​റ്റവും വലിയ വികസന പ്രവർത്തനമാണ് നടപ്പാക്കുന്നതെന്നും വൈകാതെ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.