
ആലങ്ങാട്: മോഷ്ടിച്ച സ്‌കൂട്ടറുമായി കടക്കാൻ ശ്രമിക്കവേ മിനിലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. ആലുവ തായിക്കാട്ടുകര കുന്നുംപുറം മണപ്പാട്ടി പറമ്പിൽ പരേതനായ നസീറിന്റെ മകൻ മൻസൂർ(32) ആണ് മരിച്ചത്. ആലുവ പറവൂർ റോഡ് മാളികംപീടികയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
മാളികംപീടികയിലെ ബന്ധുവീട്ടിൽ എത്തിയ മൻസൂർ ഇവിടെയുള്ള കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആലങ്ങാട് സ്വദേശിയുടെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. സ്‌കൂട്ടറുമായി പറവൂർ ഭാഗത്തേയ്ക്കു പോകുമ്പോൾ പൊലീസിനെ കണ്ട് വണ്ടി തിരിച്ച് ആലുവയിലേയ്ക്ക് അമിതവേഗതയിൽ ഓടിച്ചുപോകുന്നതിനിടെയാണ് എതിരേ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ലോറിക്ക് അടിയിൽ കുടുങ്ങിയ മൻസൂറിലെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് കളമശേരി മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഖബറടക്കം നടത്തും. മാതാവ്: ആരിഫ. ഭാര്യ: നൗഫിത. മക്കൾ: നെബിൽ, നിഹാൽ, നസീബ്. ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു. മൻസൂറിനെതിരേ പാലാരിവട്ടം ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ഉൾപ്പെടെ ആലുവ, തൃശൂർ മെഡിക്കൽ കോളേജ്, പാലാരിവട്ടം, എടത്തല, സെൻട്രൽ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.