കൊച്ചി: രാഹുൽഗാന്ധിക്കെതിരായ ഇ.ഡി. നീക്കങ്ങളിലും യുവജനവിരുദ്ധമായ അഗ്നിപഥ് സൈനിക റിക്രൂട്ട്മന്റിന് എതിരെയും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എറണാകുളം ഇ.ഡി ഓഫീസ് മാർച്ചിൽ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ജിസിൻ പള്ളത്തിനാണ് പരിക്കേറ്റത്. തലയിൽ നാല് തുന്നലുണ്ട്.
കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധസമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന്
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ദേശീയ ഭാരവാഹികളായ വൈശാഖ് കെ.എൻ, ദീപക് ജോയി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അബിൻ വർക്കി, രാഹുൽ മാങ്കൂട്ടത്തിൽ, ആബിദ് അലി, ശോഭ സുബിൻ, സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി.ആന്റു, ജിൻഷാദ് ജിന്നാസ്, അഫ്സൽ നമ്പ്യാരത്ത്, മനു ജേക്കബ്, അരുൺകുമാർ, തൃശൂർ ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് എന്നിവർ നേതൃത്വം നൽകി.