മൂവാറ്റുപുഴ: ഒരു നാടിന്റെ വായനാശീലത്തെ പരിപോഷിക്കുന്ന അറിവിന്റെ കൂടാരങ്ങളാണ് ഗ്രന്ഥശാലകൾ.ഉള്ളേലികുന്ന് ഗ്രാമത്തിന് ഒരു പതിറ്റാണ്ടായി അക്ഷര വെളിച്ചം പകരുന്ന ചിന്ത ലൈബ്രറിയും ഈ വായനാ ദിനത്തിൽ മഹനീയ ദൗത്യം നിർവഹിച്ച് തലയുയർത്തി നിൽക്കുന്നു.
2012ലാണ് രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഉള്ളേലികുന്നിൽ ചിന്ത വായനശാല സ്ഥാപിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ വായനയുടെ ഗുണഫലങ്ങൾ നാട്ടുകാർക്ക് ഏറെ ലഭിച്ചു.
വായനയിലൂടേയും ഇ-റീഡിംഗിലൂടേയും ഗ്രന്ഥശാലയിലെ കോച്ചിംഗ് ക്ലാസിലൂടെയും അറിവുനേടിയ നിരവധിപേരാണ് വിവിധ മത്സരപ്പരീക്ഷകളിൽ ജയിച്ച് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. 200 സ്ഥിരാംഗങ്ങൾ ലൈബ്രറിയിലുണ്ട്. 3000 പുസ്തകങ്ങൾ ഇതുവരെ ലൈബ്രറിയുടെ ഷെൽഫിൽ ഇടംപിടിച്ചുകഴിഞ്ഞു. രാവിലെ ഏഴുമുതൽ ഉച്ചക്ക് 12വരെയും വൈകിട്ട് 3മുതൽ രാത്രി 8വരെയുമാണ് പ്രവർത്തന സമയം. ലൈബ്രറിയുടെ ചെലവിൽ ഇ- വിജ്ഞാന സേവന കേന്ദ്രം, യുവത, രക്തബാങ്ക്, വനിതാവേദി,സ്‌പോർട്‌സ് ക്ലബ് എന്നിവയും വൈഫൈ സൗകര്യവും ഒരിക്കിയിട്ടുണ്ട്. 2021ൽ മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം ചിന്തക്ക് ലഭിച്ചിരുന്നു. ജൈവനെൽകൃഷി,ജലാശയ ശുചീകരണം, രക്തദാനം എന്നീ സേവനങ്ങളെല്ലാം ലൈബ്രറി സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
ഈ വർഷത്തെ വായനാദിനത്തോടനുബന്ധിച്ച് വായനാപക്ഷാചരണം ലൈബ്രറി സംഘടിപ്പിക്കും.
ഇന്ന് ആരംഭിക്കുന്ന വായന പക്ഷാചരണം ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7ന് സമാപിക്കും. ഗ്രന്ഥശാല അംഗങ്ങളേയും മറ്റുള്ളവരെയും പുസ്തകവായനയിലേക്ക് അടുപ്പിക്കാൻ 15 ദിവസം നീളുന്ന വിവിധ പരിപാടികൾക്ക് രൂപം കൊടുത്തിട്ടുണ്ട്.
ലൈബ്രറി പ്രസിഡന്റ് പി.എസ്. രവീന്ദ്രൻ , സെക്രട്ടറി പി.കെ.രഞ്ജിത്, ലൈബ്രേറിയൻ സിജി ജോയി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.