vayana-dhinam-special

വരാപ്പുഴ: കൂനമ്മാവിലെ ചായക്കടയിലെത്തുന്ന അപരിചിതർ,​ ഉച്ചത്തിൽ പത്രം വായിക്കുന്ന ശുഭ്രവസ്ത്രധാരിയായ മനുഷ്യനെ കണ്ട് അമ്പരക്കാറുണ്ട്. ആരെന്നു തിരക്കുന്നവരോട് അറിയുന്നവർ പറയും- അത് പത്രം വായിക്കും പവിത്രൻ. കൈതാരം പടേശൻ പറമ്പിൽ പവിത്രനെ സ്വന്തം വിലാസത്തിൽ ആരുമറിയില്ല. നാട്ടുകാർ ചാർത്തിക്കൊ

ടുത്ത വിശേഷണം തന്നെ അയാളുടെ വിലാസം.

പത്രവായന ജീവിതലക്ഷ്യമാക്കിയ പവിത്രൻ നാലരപ്പതിറ്റാണ്ടായി പറവൂരും പരിസരപ്രദേശങ്ങളിലും ചിരപരിചിതനാണ്. എഴുപത്തിമൂന്നുകാരനായ പവിത്രൻ പത്രം നിവർത്തിയാൽ പ്രായം മറക്കും. പുലർച്ചെ ഉണർന്നയുടൻ വീട്ടിലുള്ള പത്രം വായിച്ചാണ് ദിവസത്തിന് തുടക്കമിടുക. മുഖപ്രസംഗത്തിൽ നിന്ന് തുടങ്ങി ചരമ പേജിൽ അവസാനിക്കും ആദ്യ പത്രവായന. അയൽവാസികൾക്കു കൂടി കേൾക്കാൻ പാകത്തിലാവും പവിത്രന്റെ പത്രപാരായണം. പിന്നെ പുതുമണം മാറാത്ത പത്രങ്ങൾ തേടി ചായക്കടകളിലേക്കും കവലകളിലേക്കുമുള്ള യാത്രയാരംഭിക്കും. കോട്ടുവള്ളി, കൈതാരം, വരാപ്പുഴ പറവൂർ പ്രദേശങ്ങളിൽ എവിടെ ഏതൊക്കെ പത്രങ്ങൾ ഉണ്ടെന്ന് പവിത്രനറിയാം. ആറേഴു പത്രമെങ്കിലും വായിച്ചു തീർക്കാതെ മനസുനിറയില്ല. പത്താം ക്ലാസ് തോറ്റശേഷം കൈതാരത്തെ ഒരു ചായക്കടയിൽ സഹായിയായി കയറിയതോടെയാണ് പവിത്രന്റെ ജീവിതം മാറിയത്. കടയിലെത്തിയ ചിലരുടെ ആവശ്യ പ്രകാരം പത്രം വായിച്ചുതുടങ്ങി. അങ്ങനെ എഴുത്തും വായനയും അറിയാത്ത നാട്ടുകാർ പവിത്രനിലൂടെ ലോകകാര്യം അറിഞ്ഞു. വായനാദിനത്തിൽ ദൂര ദേശങ്ങളിൽ നിന്നു പോലും പത്ര വായനയ്ക്കായി ക്ഷണിക്കാറുണ്ട്. വണ്ടിക്കൂലി പോലും വാങ്ങാതെ അവിടങ്ങളിൽ പോകാറുമുണ്ട്. കൂനമ്മാവിലെ ക്ലിനിക്കിലെ അറ്റൻഡർ ജോലിയായിരുന്നു ഉപജീവനമാർഗം. കോവിഡിനുശേഷം ക്ലിനിക് പൂട്ടയതോടെ അതു നിലച്ചു. വാർദ്ധ്യക്യകാല പെൻഷൻ ഉപയോഗിച്ചാണ് പവിത്രൻ ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്.