
കാലടി:മറ്റൂർ തൈക്കാട്ട് വീട്ടിൽ ഗൗരിചേച്ചിയ്ക്ക് സർക്കാരിന്റെ കരുതലും സംരക്ഷണവും കിട്ടി. ഇനി മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന മോഹംകൂടി പൂവണിയണം.
അവിവാഹിതയും അർബുദ രോഗബാധിതയുമായ ഗൗരി ചേച്ചി അഞ്ച് സെന്റ് ഭൂമിയിൽ സർക്കാർ സഹായത്തോടെ വർഷങ്ങൾക്ക് മുൻപ് പണിത വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മറ്റൂർ സി.എച്ച്.സി പാലിയേറ്റീവ് വിഭാഗവുമായി ബന്ധപ്പെട്ട് മാസംതോറുമുള്ള മരുന്നുകൾ 67 കാരിയായ ഗൗരിചേച്ചിക്ക് അനുവദിച്ചിട്ടുണ്ട്. എ.എ.വൈ റേഷൻ കാർഡ് ലഭിച്ചതോടെ ഇനി വിശപ്പിനെ പേടിക്കാതെയും അന്തിയുറങ്ങാം. ദാരിദ്ര്യം കാരണം 3-ാം ക്ലാസ്സിൽ പഠനം നിർത്തിയ ഗൗരിചേച്ചി പത്താം വയസിലാണ് വീട്ടുജോലിക്കിറങ്ങിയത്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ സ്വന്തം വിവാഹത്തെകുറിച്ച് ചിന്തിച്ചില്ല. സഹോദരൻ മരിച്ചതോടെ ഉപജീവനത്തിനു വീട്ടുജോലിയായിരുന്നു ആശ്രയം.
അഞ്ച് വർഷങ്ങൾക്ക് മുൻപ് ബ്രെസ്റ്റ് കാൻസറും ഗൗരിചേച്ചിയെ വേട്ടയാടാൻ തുടങ്ങി.എട്ട് കീമോതെറാപ്പി കഴിഞ്ഞു. എഫ്.എം റേഡിയോയിൽ പാട്ടുകൾ കേട്ടും വളർത്തു കോഴികളായമൊയ്തുവിനോടും സാറാമ്മയോടും കണ്ണമ്മയോടും ചിക്കുവിനോടും സല്ലപിച്ചുമാണ്സമയം ചെലവിടുന്നത്. ഗൗരിചേച്ചിയുടെ മതസൗഹാർദ്ദം നിറഞ്ഞ മനസാണ് കോഴികളുടെ പേരിനാധാരം. കടുത്ത സി.പി.എം ആരാധികയായ ഗൗരിചേച്ചിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇക്കാര്യം ബ്ലോക്ക് അംഗം സിജോ ചൊവ്വരനോട് തുറന്നു പറയുകയും ചെയ്തു. എല്ലാം മെമ്പർ ശരിയാക്കുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് ഗൗരിചേച്ചി.