
ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാർക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നവീൻ നൽകിയ വാക്ക് പാലിച്ചു. എല്ലാ വിഷയത്തിനും എ പ്ലസുമായി നവീൻ തിളക്കമുള്ള വിജയം സ്വന്തമാക്കി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗസാരഥ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയും ഏറ്റെടുത്തതിന്റെ രജത ജൂബിലിയുടെ ഭാഗമായി ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ ജീവനക്കാർ നിർദ്ധനരും പഠിക്കാൻ മിടുക്കനുമായ ഒരാൾക്ക് വീട് നിർമ്മിച്ച് കൊടുക്കാൻ തീരുമാനിച്ചിരുന്നു. നവീനാണ് ഇതു പ്രകാരം വീട് ലഭിച്ചത്. വീടിനായി തിരഞ്ഞെടുത്ത വിവരം അറിയിച്ച അദ്ധ്യാപകർ പഠിച്ച് ഉയരങ്ങൾ കീഴടക്കണമെന്നും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കഴിയണമെന്നുമാണ് ഉപദേശിച്ചത്. ആ അവസരത്തിൽ നവീൻ അദ്ധ്യാപകർക്ക് നൽകിയ ഉറപ്പാണ് എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ യാഥാർത്ഥ്യമായത്.
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാംഗമായിരുന്ന എടയപ്പുറം തൈക്കാട്ടിൽ പരേതനായ രജീബിന്റെയും സോണിയുടെയും മകനാണ് നവീൻ. സ്‌കൂൾ ജീവനക്കാർ ഏഴ് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ പ്രവേശനചടങ്ങ് കഴിഞ്ഞ എട്ടിനാണ് നടന്നത്. വർഷങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ടതിനെ തുടർന്ന് മാതാവ് സോണിയാണ് നവീനും സഹോദരി നയനയെയും സംരക്ഷിച്ചിരുന്നത്.
ആലുവ ശ്രീ നാരായണ ക്ലബ് ആദരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നവീനിനെ ആലുവ ശ്രീ നാരായണ ക്ലബ് ആദരിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, ശാഖാ കമ്മിറ്റി അംഗം ബിന്ദു രഘുനാഥ്, വിപിൻ ദാസ്, വിജയൻ ഞാറ്റുവീട്ടിൽ, ജോബിഷ്, നയന രജീബ്, ജലജ ഗോപി, മീനാക്ഷി എന്നിവർ പങ്കെടുത്തു.