ആലുവ: കെ.എസ്.ആർ.ടി.സി യെ പ്രതിസന്ധിയിലാക്കുന്നത് അധികൃതരുടെ ദീർഘവീക്ഷണമില്ലാത്ത നടപടികളാണെന്ന ആക്ഷേപവുമായി തൊഴിലാളികൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ താത്പര്യപ്രകാരം ലാഭകരമായി ഓടിയിരുന്ന റൂട്ട് കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചതായി പരാതി.
ആലുവയിൽ നിന്ന് ദിവസവും പുലർച്ചെ 6.10 തൃശൂർ എറണാകുളം ചെയിൻ എ.സി ലോ ഫ്ളോർ സർവീസിന് 30,000 രൂപ വരെ കളക്ഷൻ ഉണ്ടായിരുന്നു. ബസ് ചീഫ് ഓഫീസ് ഉത്തരവ് പ്രകാരം എന്ന് പറഞ്ഞ് ഈ സർവീസ് നിർത്തലാക്കുകയും പകരം ഇതേ ബസ് തൊടുപുഴ റൂട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഈ ബസിന്റെ കളക്ഷൻ 5000 മുതൽ 7000 വരെയായി കുറഞ്ഞതായും തൊഴിലാളികൾ ആരോപിക്കുന്നു. 110 ലിറ്റർ ഡീസൽ 10,000 രൂപയ്ക്ക് നിറച്ച് 7000 രൂപയ്ക്ക് സർവ്വീസ് നടത്തുകയാണ്.
ത്യശ്ശൂർ - എറണാകുളം ചെയിൻ ഓടുമ്പോൾ ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി നൽകിയിരുന്നത് ഇപ്പോൾ ഒന്നര ഡ്യൂട്ടിയാക്കിയതാണ് കെ.എസ്.ആർ.ടി.സിക്കുള്ള ലാഭം. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ലാഭകരമായ സർവ്വീസ് നിർത്തലാക്കിയതെന്ന് ജീവനക്കാർ പറയുന്നു. ഈ പൊലിസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സ്വകാര്യ കാർ ആലുവ ഡിപ്പോയിൽ പാർക്ക് ചെയ്ത ശേഷമാണ് പുതിയതായി തുടങ്ങിയ തൊടുപുഴയിലേക്കുള്ള ലോ ഫ്‌ളോർ ബസിൽ യാത്ര ചെയ്യുന്നത്.