കോലഞ്ചേരി: പട്ടികജാതി വകുപ്പിന്റെ ചികിത്സാ സഹായം ബിനിതയ്ക്ക് കൈമാറി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴായിരുന്നു ബിനിതയ്ക്ക് കാൻസർ രോഗം ബാധിച്ചത്.എങ്കിലും വാശിയോടെ പരീക്ഷയെയും രോഗത്തെയും നേരിടാനായിരുന്നു ബിനിതയുടെ തീരുമാനം. പരീക്ഷയിൽ ബിനിത മികച്ച വിജയം നേടിയിരുന്നു.
ആദ്യ കടമ്പയായ പരീക്ഷ മികച്ച മാർക്കോടെ കടക്കുമ്പോൾ ബിനിത രോഗത്തിൽ നിന്ന് മുക്തമാകുമെന്ന പൂർണ്ണമായ ആത്മവിശ്വാസത്തിലാണ് കുടുംബം. ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായമായ 50000 രൂപയാണ് ബിനിതയുടെ അക്കൗണ്ടിലേക്ക് പട്ടികജാതി വികസന വകുപ്പ് കൈമാറിയത്. കൂടുതൽ ധന സഹായം ഉറപ്പാക്കാനും ശ്രമങ്ങൾ നടക്കുകയാണ്. വടവുകോട് ചോയ്ക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളാണ് ബിനിത. ആദ്യം പഴങ്ങാനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും ഇപ്പോൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലുമാണ് ബിനിതയുടെ ചികിത്സ.