ആലങ്ങാട്: സംഭരിക്കുന്ന നെല്ലിന്റെ തൂക്കം കുറയ്ക്കുന്ന മില്ലുടമകളുടെ നടപടി കരുമാല്ലൂരിലെ കർഷകരെ വലയ്ക്കുന്നു. മില്ലുടമകളുടെ ചൂഷണത്തിനെതിരേ വെളിയത്തുനാട്ടിലെ കർഷകർ നെല്ലുമായി കരുമാല്ലൂർ കൃഷി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കൊയ്‌തെടുക്കുന്ന നെല്ല് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മില്ലുടമകൾ വഴിയാണ് സംഭരിക്കുന്നത്. ഉണക്കു പോരെന്നും പതിരുണ്ടെന്നുമൊക്കെയുള്ള കാരണങ്ങൾ പറഞ്ഞ് ഏറ്റെടുക്കുന്ന നെല്ലിന് തൂക്കത്തിൽ 20 ശതമാനം കുറവാണ് മില്ലുടമകൾ രേഖപ്പെടുത്തുന്നത്.
കരുമാല്ലൂർ, വെളിയത്തുനാട് പാടശേഖരങ്ങളിലായി ഇത്തവണ 800 ഏക്കറിലധികം നെൽക്കൃഷി ചെയ്തിരുന്നു. മെയ് പകുതിയോടെ അപ്രതീക്ഷിതമായി പെയ്ത മഴ രണ്ട് പാടശേഖരത്തിലും കൃഷിക്ക് നാശമുണ്ടാക്കി. വെളിയത്തുനാട്ടിൽ ഫംഗസ് ബാധയുമുണ്ടായി. ഇതെല്ലാം മറികടന്ന് നെല്ല് കൊയ്‌തെടുത്തപ്പോഴാണ് മില്ലുടമകളുടെ കണ്ണിൽച്ചോരയില്ലാത്ത ചെയ്തി. 8.5 ഏക്കറിൽ കൃഷി ചെയ്ത വടക്കേപ്പറമ്പിൽ അബ്ദുൾനാസർ എന്ന കർഷകന് 13 ടൺ നെല്ല് കിട്ടേണ്ടിടത്ത് 2.75 ടൺ മാത്രമാണ് കൊയ്‌തെടുക്കാനായത്. ഇത് മില്ലിൽ എത്തിച്ചപ്പോൾ തൂക്കത്തിൽ 20 ശതമാനം കുറച്ചേ കണക്കാക്കാനാവൂ എന്നറിയിച്ചു. ഏറെ തർക്കത്തിനുശേഷം 10 ശതമാനമാക്കി കുറച്ചെങ്കിലും നഷ്ടം സഹിച്ച് നെല്ല് കൊടുക്കാൻ കൂട്ടാക്കാതെ കർഷകർ കൃഷി ഭവനിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. അബ്ദുൾ നാസറിന്റേതുൾപ്പെടെ വെളിയത്തുനാട് വെസ്റ്റ് പാടശേഖരസമിതിയിൽ ആകെ 10 ടണ്ണിലധികം നെല്ലാണ് ഏറ്റെടുക്കാനുള്ളത്. കർഷകരുടെ പരാതി പരിഗണിക്കാമെന്ന്കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുണ്ട്.