pra

പെരുമ്പാവൂർ: പെയ്ന്റിംഗ് തൊഴിലാളിയാണ് പെരുമ്പാവൂരുകാരനായ കെ. എസ്. പ്രദീപ്. എന്നാൽ ബ്രഷ് പിടിക്കുന്ന കൈകൊണ്ട് ഗുസ്തിക്കും പ്രദീപ് തയാർ. ഹൈദരാബാദിൽ നടന്ന 44-ാം ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ കൊയ്താണ് പ്രദീപ് നാടിന്റെ അഭിമാനമുയർത്തിയത്.

ഗ്രാൻഡ് മാസ്റ്റേഴ്‌സ് 90 കിലോഗ്രാം വിഭാഗത്തിൽ ഇടം,വലം കൈ മത്സരങ്ങളിലാണ് പ്രദീപ് സ്വർണമണി‌ഞ്ഞത്. ഇത് എട്ടാം തവണയാണ് പ്രദീപ് ദേശീയ ചാമ്പ്യനാകുന്നത്. അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും പ്രദീപ് നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 167 മത്സരാർത്ഥികളാണ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. ഇത്തവണയും കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചിരുന്നു. അല്ലപ്ര കുന്നത്ത് വീട്ടിൽ സദാശിവന്റെ മകനാണ് പ്രദീപ്. പെരുമ്പാവൂർ ബിജൂസ് ഗോൾഡൻ ജിംനേഷ്യത്തിലാണ് പരിശീലനം. മുൻ ലോകചാമ്പ്യൻ പി.കെ. ജാഫർ, പി.എൻ. രാമചന്ദ്രൻ തുടങ്ങിയവരാണ് ഗുരുക്കന്മാർ. ബിജൂസ് ഗോൾഡൻ ജിംനേഷ്യം ഉടമ ബിജുവിന്റെ പ്രേരണയും പ്രദീപിന്റെ വിജയക്കുതിപ്പിന് പിന്നിലുണ്ട്. സ്വന്തമായി പഞ്ചഗുസ്തി പരിശീലനകേന്ദ്രം തുടങ്ങുക എന്നതാണ് പ്രദീപിന്റെ സ്വപ്നം.