ഫോർട്ടുകൊച്ചി: വൈപ്പിൻ - ഫോർട്ട് കൊച്ചി റോ- റോ യാത്രയിൽ ഇരുചക്രവാഹനത്തിന് നിയന്ത്രണം. അറ്റകുറ്റപ്പണി കഴിഞ്ഞെത്തിയ സേതുസാഗർ രണ്ടിലാണ് ഇരുചക്രവാഹനങ്ങൾ കയറ്റാതെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികഴിഞ്ഞ് ഇന്നലെ സർവ്വീസിനിറക്കിയ റോ- റോയിലെ പ്ലാറ്റ്ഫോമിൽ വാഹനങ്ങൾ തെന്നിമറിയുന്നതും യാത്രക്കാർ വീഴുകയും ചെയ്തതോടെയാണ് നിയന്ത്രണം.

രാവിലെ വൈപ്പിനിൽ നിന്ന് പുറപ്പെട്ട സേതു സാഗർ രണ്ടിൽ വലിയ വാഹനങ്ങൾ നീക്കുന്നതിനിടെ തെന്നിമാറുന്നത് തർക്കത്തിനിടയാക്കിയിരുന്നു. ഫോർട്ടുകൊച്ചി പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ഒരു റോ- റോ മാത്രമാണ് സർവ്വീസ് നടത്തിയത്. വാഹനത്തിരക്ക് ഏറിയതോടെയാണ് മാറ്റിയിട്ട റോ- റോയും നിയന്ത്രണങ്ങളോടെ സർവ്വീസിനിറക്കിയത്. റോ- റോ സർവ്വീസ് കാര്യക്ഷമമായി നടത്തണമെന്നും ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറുന്നത് നിർത്തലാക്കണമെന്ന് ജനകീയ സംഘടനകൾ ആവശ്യപ്പെട്ടു.