കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെട്ട കൊച്ചി കോർപ്പറേഷന്റെ കുടിവെള്ള പദ്ധതികൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി അടിയന്തര കൗൺസിൽ യോഗം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കൗൺസിൽ ഹാളിൽ ചേരും. 116.113 കോടിയാണ് കുടിവെള്ള പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ അഡീഷണൽ പദ്ധതികൾ ഏറ്റെടുക്കുന്നതിന് 68.794 കോടി കൂടി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ 152.68 കോടി രൂപയുടെ പദ്ധതികൾ ചർച്ച ചെയ്തു കൗൺസിൽ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്ക് അനുമതി തേടിയാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്.