മൂവാറ്റുപുഴ: മണ്ണ് മാഫിയാസംഘം പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ ട്രൈബൽ ഓഫീസർ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. വിശദമായ റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് നൽകുമെന്ന് മൂവാറ്റുപുഴ ട്രൈബൽ ഓഫീസർ അനിൽ ഭാസ്‌കർ കേരളകൗമുദിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും റിപ്പോർട്ട് നൽകും. നിലവിൽ ദളിത് പീഡന നിയമപ്രകാരമുള്ള കേസും മറ്റ് വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. വീടിനോട് ചേർന്ന് ആഴത്തിൽ മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച പെരുമ്പല്ലൂർ വേങ്ങപ്ലാക്കൽ വീട്ടിൽ അക്ഷയയെയാണ് (20) മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ചികിത്സയിലായിരുന്ന പെൺകുട്ടി വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്.