കൊച്ചി: കൊവിഡ് തുടങ്ങിയതു മുതൽ ആരംഭിച്ച ബസ് യാത്രാ ദുരിതത്തിന് ഇപ്പോഴും പരിഹാരമായില്ല. ജില്ലയുടെ ഉൾപ്രദേശത്തുള്ള ജനങ്ങൾ അക്ഷരാർത്ഥത്തിൽ വലയുകയാണ്. വരുമാനം കുറഞ്ഞതോടെ ഉടമകൾ പെർമിറ്റ് റദ്ദാക്കുകയും ബസുകൾ വിറ്റതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഒരു റൂട്ടിൽ തന്നെ രണ്ടും മൂന്നും ബസുകൾ സർവീസ് നിറുത്തിയിട്ടുണ്ട്. ഓഫീസുകളും സ്കൂളുകളും പഴയതുപോലെ പ്രവർത്തിച്ചുതുടങ്ങിയതോടെ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വീണ്ടും വർദ്ധിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് അതിന് അനുസരിച്ച് സർവീസുകളില്ല.
ഓഫീസുകളിലും സ്കൂളുകളിലും കൃത്യസമയത്ത് എത്താൻ പറ്റാത്ത അവസ്ഥയിലാണ് യാത്രക്കാർ. ഇന്ധനവില വർദ്ധിച്ചതോടെ ഓട്ടോക്കൂലി താങ്ങാവുന്നതിലും അപ്പുറമാണ്. എങ്കിലും കൃത്യസമയം പാലിക്കാൻ ഓട്ടോറിക്ഷയ്ക്കാണ് പലരും യാത്ര ചെയ്യുന്നത്. ചേരാനെല്ലൂർ, ചിറ്രൂർ, കുമ്പളം, കുമ്പളങ്ങി, കണ്ണമാലി, പനങ്ങാട്, ചിറ്റേത്തുകര, ഏലൂർ തുടങ്ങിയ ഉൾപ്രദേശ സർവീസുകളാണ് ജനങ്ങളെ വലയ്ക്കുന്നത്.
മൂന്നാംതരംഗത്തിൽ സ്വകാര്യ ബസ് മേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ബസുകൾ പലതും ഷെഡിൽ കയറ്റിയിരുന്നു. രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്നും കരകയറി വരുമാനം മെച്ചപ്പെട്ട് വരുന്നതിനിടയിലാണ് ഇടിത്തീയായി മൂന്നാംതരംഗം എത്തിയത്. ഡീസൽ അടിക്കാൻ പോലും വരുമാനമില്ലാത്ത അവസ്ഥയിലായിരുന്നു പല ബസുകളും. ബസ് ജീവനക്കാർ കൂലിപോലും വാങ്ങാതെയാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ നികുതി അടയ്ക്കാനും പലരും കടംവാങ്ങി. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് 25,000 മുതൽ 35,000 രൂപവരെയാണ് നികുതി അടയ്ക്കേണ്ടത്.
ജില്ലയിലെ ബസുകൾ
ആകെ- 2000
വരുമാനം കുറഞ്ഞു
കൊവിഡ് വീണ്ടും കൂടിയെന്നുള്ള വാർത്തകൾ വന്നതോടെ ജനങ്ങൾ വീണ്ടും സ്വന്തം വാഹനങ്ങളിലേക്ക് മാറി. കഴിഞ്ഞ കൊവിഡ് സമയത്തും ഇങ്ങനെ സംഭവിച്ചതോടെയാണ് ഉൾപ്രദേശങ്ങളിലെ ഭൂരിഭാഗം ബസുകളും നിറുത്തിയത്. കടം വാങ്ങി താങ്ങാവുന്നതിലും അപ്പുറമായപ്പോഴാണ് പലരും നഷ്ടത്തിലുള്ള ബസുകൾ ഉപേക്ഷിച്ചത്. ചില ഉൾപ്രദേശങ്ങളിലുള്ളവർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ തുടങ്ങിയതും നഷ്ടത്തിന്റെ തോത് വർദ്ധിപ്പിച്ചു.
എം.ബി. സത്യൻ
സംസ്ഥാന പ്രസിഡന്റ്
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ