അങ്കമാലി:എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപക ചെയർമാനും കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന രാജേഷ്‌ കുമാറിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ രാജേഷ്‌ കുമാർ കെ. കെ. മെമ്മോറിയൽ അവാർഡ് ഗ്രാവിറ്റേഷണൽ ഫിസിക്സിൽ അന്താരാഷ്ട്ര ശ്രദ്ധനേടിയ ഡോ. അജിത്‌ പരമേശ്വരന് സമ്മാനിക്കും. ഇന്ന് വൈകിട്ട് 5ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സ്പീക്കർ എം.ബി. രാജേഷ്‌ അവാർഡ്‌ കൈമാറും. 25000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്‌. അനുസ്മരണ സമ്മേളനത്തിൽ റോജി എം.ജോൺ എം.എൽ.എ, മുൻ എം.പി പി.കെ. ബിജു, കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ്‌, അങ്കമാലി നഗരസഭാ ചെയർപേഴ്സൺ റെജി മാത്യു, സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.