ആലുവ: കീഴ്മാട് സർക്കുലർ റൂട്ടിൽ അയ്യൻകുഴി ക്ഷേത്രം കവല മുതൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ വരെ റോഡ് തകർന്ന നിലയിൽ.യാത്ര ദുസ്സഹമായിട്ടും റോഡ് അറ്റകുറ്റപ്പണി വൈകുകയാണ്.

കുട്ടമശേരി മുതൽ ജി.ടി.എൻ വരെ റബറൈസ്ഡ് ടാറിംഗിന് സർക്കാർ തുക അനുവദിച്ചെങ്കിലും പി.ഡബ്ളിയു.ഡി-വാട്ടർ അതോറിട്ടി വകുപ്പുകൾ തമ്മിലെ തർക്കത്തെ തുടർന്ന് വർഷങ്ങളോളം പണി മുടങ്ങിയതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. തർക്കം പരിഹരിച്ച് ടാറിംഗിന് തീരുമാനമായപ്പോൾ ഫണ്ട് തികയാതെ വന്നു. ഇതോടെ റോഡിന്റെ ഒരു ഭാഗം ഒഴിവാക്കുകയുംചെയ്തു. ഇവിടെയാണ് ഇപ്പോൾ റോഡ് പൂർണമായി തകർന്നിരിക്കുന്നത്. മോഡൽ റെസിഡൻഷ്യൽ സ്കൂൾ മുതൽ അയ്യൻകുഴി ഭഗവതി ക്ഷേത്രം വരെ 400 മീറ്റർ ടാറിംഗ് പൂർത്തിയാക്കാൻ ഉടൻ ഫണ്ട് അനുവദിക്കണമെന്ന് കീഴ്മാട് പൗരസമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.