vd-satheesan

കൊച്ചി: പ്രവാസികളോടുള്ള സ്‌നേഹം സമ്പന്നരോട് മാത്രം കാണിച്ചാൽ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാവങ്ങളായ പ്രവാസികളോടും സ്നേഹം കാട്ടണം. സി.പി.എം കാരണം പ്രവാസികൾ ആത്മഹത്യ ചെയ്തപ്പോൾ കാണാത്ത നീതിബോധമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലോക കേരള സഭയിൽ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണിൽ ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊലീസിനെയും പാർട്ടിക്കാരെയും കൊണ്ട് കണ്ണിൽ ചോരയില്ലാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകർക്കാനും കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർക്കാനും ബോംബെറിയാനും പ്രവർത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ അയയ്ക്കാനും മുഖ്യമന്ത്രി തീരുമാനിച്ചതാണ് കണ്ണിൽ ചോരയില്ലാത്ത നടപടി.

ലോക കേരള സഭയിൽ പ്രതിനിധിയല്ലാത്ത അനിത പുല്ലയിൽ അതീവസുരക്ഷാ മേഖലയായ നിയമസഭാസമുച്ചയത്തിൽ കയറി. രണ്ട് ദിവസം അവർ നിയമസഭയിലുണ്ടായിരുന്നു.

ജയരാജനെതിരെ നിയമ നടപടി

തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഇറക്കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണത്തിൽ ഇ.പി. ജയരാജനെതിരെ നിയമ നടപടി സ്വീകരിക്കും. തൃക്കാക്കര തോൽവിയുടെ ക്ഷീണം മാറ്റാൻ ഓരോന്ന് പറയുകയാണ്. സർക്കാരിനെതിരായ സമരവുമായി യു.ഡി.എഫ് മുന്നോട്ടുപോകും. സ്വപ്‌നയുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത്. സംഘപരിവാറും സി.പി.എമ്മും ഒത്തുതീർപ്പുണ്ടാക്കി അന്വേഷണം അട്ടിമറിക്കുമെന്നതിനാലാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.