
പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡ് പഷ്ണിത്തോട് പാലവുമായി ബന്ധപ്പെട്ട് കിടക്കുന്ന കായലോര റോഡിന്റെ കമ്പിവേലികൾ തകർന്നതിനാൽ അപകടം പതിവാകുന്നു. രാവിലെയും വൈകിട്ടുമായി നിരവധി യാത്രക്കാരും വിദ്യാർത്ഥികളുമാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. സമീപത്ത് സ്ക്കൂളും മാർക്കറ്റും വർക്ക്ഷോപ്പും വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. പകുതി ഭാഗങ്ങളിൽ സുരക്ഷാവേലികളുണ്ട്.
സ്ഥലം കൗൺസിലർ ഇടപെട്ട് സുരക്ഷാവേലി അടിയന്തരമായി നിർമ്മിക്കണമെന്ന് സമീപത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു. മുൻ കൗൺസിലറിന്റെ കാലത്ത് നിർമ്മിച്ച സുരക്ഷാവേലികൾ യഥാസമയങ്ങളിൽ അറ്റകുറ്റപണികൾ നടക്കാത്തതു മൂലം നശിക്കുകയാണ്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഇവിടെ രൂക്ഷമായതോടെ പൊലീസ് പട്രോളിംഗ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.