accident-paravur
അപകടത്തിൽ മുൻഭാഗം തകർന്ന കാർ

പറവൂർ: നിയന്ത്രണം നഷ്ടപ്പെട്ട കാറും ജീപ്പും കൂട്ടിയിച്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കാലടി മാണിക്യമംഗലം സ്വദേശി സുകുമാരൻ (64), ഭാര്യ സുധ (60), കാഞ്ഞുർ പാറപ്പുറം സ്വദേശി ഷിജി (44), കല്യാണി (13), ചെറായി ഗൗരിശ്വരം ക്ഷേത്രത്തിന് സമീപം ഷീജ (45), ചാലക്കുടി ആളൂർ സ്വദേശി ഷിനി (43), എളന്തിക്കര സുലോചന (70) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കുകൾ സാരമുള്ളതല്ല. ഇന്നലെ വൈകിട്ട് മൂന്നിന് ആലുവ - പറവൂർ റോഡിൽ വെടിമറക്ക് സമീപം താമര വളവിലായിരുന്നു അപകടം. ദേശം ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ കാറും പറവൂരിൽ നിന്ന് കാലടിയിലേക്ക് പോയ ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചെറിയപല്ലംതുരുത്ത് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ഈസമയം റോഡിൽ വീണെങ്കിലും പരിക്കില്ല. ജീപ്പിൽ യാത്രചെയ്തവർക്കാണ് പരിക്കേറ്റത്. ശക്തമായ ഇടിയിൽ ജീപ്പിന്റെയും കാറിന്റെയും മുൻഭാഗത്തെ ടയറുകൾ പൊട്ടിത്തകർന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.