
മൂവാറ്റുപുഴ: ഗോവ ആതിഥ്യം വഹിച്ച 6-ാം കൾച്ചറൽ നാഷണൽ നൃത്ത മത്സരത്തിൽ ഭരതനാട്യത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സുബിൻ സാബുവിന് ഒന്നാം സ്ഥാനം. ഓപ്പൺ കാറ്റഗറിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 25-ഓളം മത്സരാർത്ഥികളോട് മാറ്റുരച്ചാണ് സുബിൻ സാബു ഒന്നാമതെത്തിയത്. 15-ഓളം ഗ്രൂപ്പുകൾ പങ്കെടുത്ത ഓപ്പൺ കാറ്റഗറി സെമി ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ സുബിൻ അംഗമായ ഭരതലാസ്യ ഡാൻസ് വേൾഡ് കേരള ഗ്രൂപ്പിനും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ അഖിൽ നടരാജം അന്തർ സംസ്‌കൃതി സംഘമാണ് നൃത്ത മത്സരം സംഘടിപ്പിച്ചത്. ഇന്നും എൻ മനം അറിയാമൽ എന്ന് തുടങ്ങുന്ന ശ്രീ ലാൽഗുഡി ജയരാമൻ രചിച്ച, ചാരുകേസി വർണ്ണം ആണ് ഭാരതനാട്യത്തിൽ സുബിൻ അവതരിപ്പിച്ചത്. മൂവാറ്റുപുഴ നിർമ്മല കോളേജ് ജംഗ്ഷൻ പുത്തൻകുടിയിൽ സാബുവിന്റെയും ബിൻസിയുടെയും മകനായ സുബിൻ നൃത്തമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി, സ്‌കൂൾതല മത്സരങ്ങളിൽ സ്ഥിരംസാന്നിദ്ധ്യമായ സുബിൻ വിവിധ ടെലിവിഷൻ ചാനലുകളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പതിനേഴ് വർഷമായി നൃത്തം സപര്യയാക്കിയ സുബിൻ കലാക്ഷേത്ര വിജയകുമാർ, തൃശ്ശൂർ മൂർക്കനാട് സുധീഷ് കുമാർ, ആർ.എൽ.വി ലക്ഷ്മി നാരായണൻ എന്നിവരുടെ ശിക്ഷ്യനാണ്. എം.എ ഇംഗ്ലീഷ് പൂർത്തിയാക്കിയശേഷം ചന്ദിഗ്രാമിലെ പ്രാചീന കലാകേന്ദ്ര യൂണിവേഴ്‌സിറ്റിയിൽ ആർ.എൽ.വി ലക്ഷ്മി നാരായണന്റെ ശിക്ഷണത്തിൽ ഭരതനാട്യം ഒന്നാം സെമസ്റ്റർ ഡിപ്ലോമ ചെയ്തുവരുന്നു.