മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ ഭരണത്തിനെതിരെ പ്രക്ഷോഭത്തിന് സിപിഎം. ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സിപിഎം പ്രതിഷേധ പ്രകടനം നടത്തും. സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്കാണ് മുനിസിപ്പൽ ഓഫീസ് മാർച്ച്.

മൂവാറ്റുപഴ നഗരസഭയിൽ നിരവധി പ്രശ്നങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. നഗരസഭയിൽ ശുചീകരണത്തിനും മാലിന്യനിർമാർജ്ജനത്തിനും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും നഗരസഭ കോംപ്ലക്സിലെ വാടക വലിയ തോതിൽ ഉയർത്താനുള്ള തീരുമാനം തിരുത്തണമെന്നും രാത്രികാലയാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത താമസം ഒരുക്കുന്ന ഷീ ലോഡ്ജ് തുറന്നു കൊടുക്കണമെന്നും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കണ്ടിജന്റ് ജീവനക്കാരുടെ നിയമന പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ ധിക്കാരപരമായി പെരുമാറിയതും പ്രശ്നം സങ്കീർണമാക്കി.ഹെൽത്ത് ഇൻസ്പെക്ടറെ കൗൺസിലിൽ വിളിച്ചുവരുത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നുള്ള ചർച്ചയിൽ ഭരണപക്ഷ കൗൺസിലർമാർ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിലെ പരാമർശം നടത്തിയെന്ന ആരോപണവും ഉയർന്നു.തുടർന്ന് കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചിരുന്നു.