പള്ളുരുത്തി: പെരുമ്പടപ്പിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. അസാം സ്വദേശികളായ ജോഫിർ ഉള്ള (24), മുബാറക്ക് അലി (27), പെരുമ്പടപ്പ് സ്വദേശി സിനി അലക്സാണ്ടർ (37) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോഫിർ ഉള്ളയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് സംഭവം. പ്രദേശത്തെ സാംസ്കാരിക സംഘടന നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കാണ് പെരുമ്പടപ്പ് - ചിറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റാഫേൽ ബസ് ഇടിച്ചു കയറിയത്. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാഞ്ഞുവന്ന ബസ് സൈഡ് ഒതുക്കുന്നതിനിടയിൽ നിയന്ത്രണം വിടുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം നിൽക്കുകയായിരുന്നു. സമീപത്തുള്ള മറ്റു യാത്രക്കാർ ചാടി ഒഴിഞ്ഞുമാറിയതിനാൽ വൻദുരന്തം ഒഴിവായി. പ്രദേശവാസിയായ പ്രജോഷിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെരുമ്പടപ്പ്കോണം റോഡിലെ സ്മാർട്ട് കാർവാഷ് കേന്ദ്രത്തിലെ ജീവനക്കാരാണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികൾ. ബസിനടിയിൽ കുടുങ്ങിപ്പോയ യുവാവിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവർ ഓടി രക്ഷ പെട്ടു. അപകടത്തിൽ സമീപത്തെ ലേഡീസ് സ്റ്റോഴ്സും ഭാഗികമായി തകർന്നു. പള്ളുരുത്തി പൊലീസ് കേസെടുത്തു.