ആലുവ: പൊലീസിനെ ഇളിഭ്യരാക്കി മോഷ്ടാവിന്റെ വിളയാട്ടം.

റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തിനു മുന്നിലെ റെഡിമെയ്ഡ് കടയുടെ ചില്ല് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പ്രിന്ററടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. ശനിയാഴ്ച്ച അർധരാത്രി 12.30യോടെയാണ് മോഷണം നടന്നത്. കൊടികുത്തുമല എടപ്പാടത്ത് ജെസി എന്നയാളുടെതാണ് സ്ഥാപനം. കടയിൽ നിന്ന് പ്രിന്റർ, സ്‌കാനർ, തുണിത്തരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്.

പ്രതിയുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കല്ല് ഉപയോഗിച്ച് ചില്ല് തകർക്കുന്നതിനിടയിൽ മോഷ്ടാവിന് പരിക്കേറ്റതായും വ്യക്തമായി. നിലത്ത് രക്തതുള്ളികൾ വീണിട്ടുണ്ട്. മോഷ്ടാവ് മലയാളിയല്ലെന്നാണ് സൂചന. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന് തൊട്ടു മുന്നിലുണ്ടായ കവർച്ച പൊലീസിന് നാണക്കേടായി. രണ്ട് വർഷം മുൻപ് ഇവിടെ ജോസ് എന്നയാളുടെ പെട്ടിക്കടയിലും മോഷണം നടന്നിരുന്നു. മോഷ്ടാവിനെ പിന്നിട് പൊലീസ് പിടികൂടിയിരുന്നു. റോഡരികിൽ സി.സി.ടി.വി കാമറയുണ്ടെങ്കിലും പ്രവർത്തനരഹിതമാണെന്ന് വ്യാപാരികൾ പറയുന്നു.