കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൊച്ചി നഗരത്തിൽ വീണ്ടും മോഷണം. പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് ഒമ്പത് പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. മോഷ്ടാവിനായി എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പനമ്പിള്ളിനഗറിലെ പാർക്കിന് സമീപം താമസിക്കുന്ന റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് കവ‌ർച്ച നടന്നത്. വീട്ടുകാർ രണ്ടാഴ്ചയായി ചെന്നൈയിലുള്ള മകനൊപ്പമായിരുന്നു. ചെടി നനയ്ക്കാൻ എത്തിയ വീട്ടുജോലിക്കാരി വാതിൽ പൊളിഞ്ഞുകിടക്കുന്ന കണ്ട് വിവരം വീട്ടുടമയെ അറിയിക്കുകയും അവർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഒറ്റനിലയിലുള്ള വീടിന്റെ സൈഡ് ഡോർ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയുടെ ലോക്ക് തകർത്ത് ആഭരണം കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സി.സി.ടിവി കാമറകൾ പരിശോധിച്ച് വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്ന് സൗത്ത് പൊലീസ് പറ‌ഞ്ഞു.