കോലഞ്ചേരി: മണ്ണൂരിൽ റോഡില്ല, പകരം കുഴി മാത്രം. റോഡിലെ കുഴികടന്നാൽ പരിക്കില്ലാതെ യാത്ര തുടരാം. അത്രത്തോളം പരിതാപകരം മണ്ണൂർ പോഞ്ഞാശേരി റോഡിലെ മണ്ണൂർ ഭാഗം.
തുടർച്ചയായി പെയ്യുന്ന മഴയിലാണ് റോഡിൽ വലിയ കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടത്. സെന്റ് ജോർജ് സ്‌കൂളിന് സമീപത്തെ ഗർത്തം താത്കാലികമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൂടിയിരുന്നു. എന്നാൽ ഓട നിർമ്മിക്കാത്തത് കാരണം വെള്ളം റോഡിന് മധ്യത്തുകൂടിയാണ് ഒഴുകുന്നത്. ഓട നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാൻ കഴിയൂ. എന്നാൽ കിഫ്ബിയും കെ.ആർ.എഫ്.ബിയും ഓട നിർമ്മിക്കില്ലെന്ന വാശിയിലാണ്.
മണ്ണൂർ നിന്നും ഒന്നേകാൽ കിലോമീറ്റർ ദൂരം വാഹന ഗതാഗതത്തിനോ കാൽനടയാത്രക്കോ യോഗ്യമല്ല. 340 മീറ്റർ ദൂരത്തിൽ ഇന്റർലോക്ക് കട്ട വിരിക്കാനായി 74 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ കട്ട വിരിക്കാത്ത ഭാഗത്തെ ചെളിയടക്കം കട്ടവിരിച്ച ഭാഗത്ത് അടിയുമെന്നും മണ്ണൂർ ജംഗ്ഷൻ മുതലുള്ള വെള്ളം ഒഴുകി റോഡ് ഇതിലും സഞ്ചാര യോഗ്യമല്ലാതാകുമെന്നും നാട്ടുകാർ പറയുന്നു. ഓട നിർമ്മിച്ചശേഷം മാത്രമേ റോഡ് നിർമ്മിക്കൂയെന്ന് അധികൃതർ റോഡ് സംരക്ഷണ സമിതിക്ക് ഉറപ്പ് നൽകിയിരുന്നതാണ്. ആ ഉറപ്പ് ലംഘിച്ചാണ് കട്ട വിരിക്കൽ. അതേസമയം, റോഡിൽ രൂപപ്പെട്ട മൂന്ന് കുഴികൾ ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ട് അടച്ച് കവലയിൽ നിന്നും വരുന്ന വെള്ളം സംരക്ഷണ ഭിത്തിയുടെ സമീപത്ത് ചെറിയ കുഴിയെടുത്ത് പാടത്തേക്ക് ഒഴുക്കിക്കളയാനുള്ള സംവിധാനമാണ് അധികൃതർ ചെയ്തിരിക്കുന്നത്. ഇത് റോഡിന്റെ സംരക്ഷണഭിത്തി തകരാൻ ഇടയാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു.