കൊച്ചി: മൂന്ന് മലയാളി വീട്ടമ്മമാരെ കുവൈറ്റിലെത്തിച്ച് പത്തുലക്ഷംരൂപയ്ക്ക് സമ്പന്ന അറബികുടുംബങ്ങൾക്ക് വിറ്റ കേസിൽ രണ്ടാം പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോനും മുഖ്യപങ്കുണ്ടെന്ന് പൊലീസ്. കുവൈറ്റിലെ ഇടപാടുകൾ ഒന്നാംപ്രതിയായ കണ്ണൂർ സ്വദേശി മജീദിന് (ഗസാലി) മാത്രമേ അറിയുകയുള്ളൂവെന്ന അജുവിന്റെ വിശദീകരണം കളവാണെന്ന് പൊലീസ് പറയുന്നു. യുവതികളെ കുവൈറ്റിലേക്ക് കടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായി അജുവിനും അറിയാമെന്നും ഇയാൾ എന്തിന് കളവ് പറയുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. അജുവിനെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്നലെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വിദേശത്ത് മികച്ച വരുമാനത്തിൽ ജോലി ലഭിക്കാൻ യാത്രാരേഖകൾ സഹായകരമാവില്ലെന്ന ബോദ്ധ്യത്തോടെയാണ് പലരും യാത്ര തിരിച്ചതെന്നാണ് അജുവിന്റെ മൊഴി. മജീദിന്റെ നിർദ്ദേശപ്രകാരം പരസ്യംനൽകി കുവൈറ്റിൽ ജോലിക്ക് താത്പര്യമുള്ളവരെ കണ്ടെത്തുക മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും കുവൈറ്റിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് ഇയാളുടെ മൊഴി. അജുവിന്റെ മൊഴിയും എൻ.ഐ.എ രേഖപ്പെടുത്തും. കേസിൽ പരാതിക്കാരിയുടെ മൊഴി എൻ.ഐ.എ രേഖപ്പെടുത്തിയിരുന്നു. മജീദിന്റെ മേൽവിലാസം ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. മറ്റൊരു വീട്ടമ്മകൂടി ആരോപണവുമായി രംഗത്ത് വന്നെങ്കിലും സിറ്റി പൊലീസിന് പരാതി ലഭിച്ചിട്ടില്ല.