കാലടി: പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കിയ ശ്രീമൂലനഗരം പ്രസന്നപുരം പള്ളിയിൽ വേദപാഠപഠനം മൂന്നു ഞായറാഴ്ചകളിലും മുടങ്ങി. കർദ്ദിനാൾ അനുകൂലിയായ വികാരിയെ മാറ്റിയശേഷം വേദപഠനം മതിയെന്ന വിശ്വാസികളുടെ നിലപാടാണ് പഠനം മുടക്കിയത്.
മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും യോഗം ചേർന്നെങ്കിലും പള്ളിയിലെ സംഘർഷവും ഭിന്നതയും പൊലീസ് ഇടപെടലുംമൂലം വേദപഠനം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. മുമ്പ് ക്ലാസിനിടെ വിശ്വാസികൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
വേദപാഠംപോലും പഠിപ്പിക്കാൻ കഴിയാത്ത ഗുരുതരമായ സ്ഥിതിയാണ് പള്ളിയിലുള്ളതെന്ന് ഇടവകക്കാർ പറയുന്നു. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്ന വികാരിയെമാറ്റി ജനാഭിമുഖ കുർബാനയെ അംഗീകരിക്കുന്ന വെെദികനെ നിയമിക്കണമെന്നാണ് ഇടവകാംഗങ്ങളുടെ ആവശ്യം.