കൊച്ചി: കിഴക്കമ്പലം - നെല്ലാട് റോഡിന്റെ നിർമ്മാണത്തിനുള്ള റീ ടെൻഡർ നടപടികൾ പൂർത്തിയായെന്നും തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മനക്കക്കടവ് - കിഴക്കമ്പലം - പട്ടിമറ്റം - നെല്ലാട് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.
മനക്കക്കടവുമുതൽ നെല്ലാടുവരെയുള്ള റോഡും പട്ടിമറ്റംമുതൽ പത്താംമൈൽ വരെയുള്ള ലിങ്ക് റോഡും മൂന്നുഘട്ടമായാണ് പൂർത്തിയാക്കാൻ സർക്കാർ ടെൻഡർ നൽകിയത്. ഇതിൽ മനക്കക്കടവുമുതൽ പള്ളിക്കരവരെയള്ള റോഡിന്റെയും പട്ടിമറ്റം - പത്താംമൈൽ ലിങ്ക് റോഡിന്റെയും പണികൾ പൂർത്തിയാക്കി. കിഴക്കമ്പലം - നെല്ലാട് റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കരാറുകാരൻ തയ്യാറായില്ലെന്നും തുടർന്ന് ബാദ്ധ്യത കരാറുകാരന് ചുമത്തി കരാർ ഒഴിവാക്കിയെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു. കിഴക്കമ്പലം - നെല്ലാട് റോഡിന്റെ നിർമ്മാണത്തിനായി മേരിസദൻ പ്രൊജക്ട്സ് 2.21കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിരുന്നു. എന്നാൽ ആദ്യഘട്ട ചർച്ചയിൽത്തന്നെ ഈതുക പര്യാപ്തമല്ലെന്ന് വ്യക്തമായി. തുടർന്ന് കിഴക്കമ്പലം - നെല്ലാട് റോഡിൽ ഏറെ ശോചനീയാവസ്ഥയിലായ പട്ടിമറ്റംമുതൽ നെല്ലാടുവരെയുള്ള ഭാഗത്തെ റോഡുനിർമ്മാണം നടത്താൻ തീരുമാനിച്ചു. ശേഷിച്ച കിഴക്കമ്പലംമുതൽ പട്ടിമറ്റംവരെയുള്ള റോഡിന്റെ നിർമ്മാണത്തിനായി 134.36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ജൂൺഏഴിന് ടെൻഡർ തുറന്നെങ്കിലും ഒരു കരാറുകാരൻ മാത്രമാണ് ടെൻഡർ നൽകിയിരുന്നത്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ മാനുവൽപ്രകാരം റീടെൻഡർ നടത്തി. രണ്ടു കരാറുകാരാണ് ടെൻഡർ നൽകിയിട്ടുള്ളതെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.